മതില്, An article by Indrajith R.


 moovanthiofficial | articles

1997 ല്‍ രാജിവ് അഞ്ചല്‍ സംവിധാനം ചെയ്ത സിനിമയാണ് ഗുരു. സി ജി രാജേന്ദ്ര ബാബുവാണ് ഈ സിനിമയ്ക്കു വേണ്ടി കഥയും തിരക്കഥയും എഴുതിയത്. മലയാള സിനിമയില്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക തരം അവതരണ രീതിയും ആശയവുമാണ് ഈ സിനിമയെ മികവുറ്റതാക്കി മാറ്റിയത്. വിദേശ ഭാഷാ സിനിമക്കുള്ള ഓസ്ക്കാർ പുരസ്ക്കാരത്തിനായി ഇന്ത്യ നിർദ്ദേശിച്ച ആദ്യ മലയാള സിനിമ എന്ന പ്രശസ്തിയും ഈ സിനിമക്കുണ്ട്. സിനിമ റിലീസ് ആയ കാലത്ത് പല നിരൂപകരും ഈ സിനിമയെ വാനോളം പുകഴ്ത്തിയതിന്റെ പ്രധാന കാരണം സിനിമയിലടങ്ങിയ ഉട്ടോപ്യന്‍ ആശയമായിരുന്നു. ഒരു ഉട്ടോപ്യന്‍ ആശയത്തെ വിഭാവനം ചെയ്ത സിനിമ എന്നതിലുപരി ഗുരു എന്ന സിനിമക്ക് കേരളത്തോടും നമ്മോടും പറയാനുള്ളത് എന്തായിരുന്നു എന്നതാണ് അന്വേഷണ വിധേയമാക്കേണ്ട കാര്യം.
സ്നേഹവും സമാധാനവും തളിര്‍ത്തു വളര്‍ന്നിരുന്ന ഒരു സുന്ദരമായ ഗ്രാമം. ഹിന്ദുവും മുസ്ലീമും പരസ്പ്പര സഹായ സഹകരണത്തോടെയും ഐക്യത്തോടെയുമാണ്‌ അവിടെ ജീവിച്ചിരുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെ ആയുധമാക്കാന്‍ തീരുമാനിക്കുന്ന ഒരു കൂട്ടം ദുഷ്ട ശക്തികള്‍ ഹിന്ദു - മുസ്ലീം സംഘര്‍ഷത്തിനു വഴി തെളിയിക്കുന്നിടത്തു നിന്നാണ് സിനിമ മുന്നോട്ടു ചലിക്കുന്നത്.
കുട്ടികള്‍ക്ക് സത്യത്തില്‍ മതമുണ്ടോ ? ഇല്ല എന്നാണു സിനിമയിലൂടെ സംവിധായകന്‍ നമുക്ക് പറഞ്ഞു തരുന്നത്. മുസ്ലീം സുഹൃത്തിന്‍റെ തൊപ്പി ധരിച്ചു കൊണ്ട് അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ കയറുന്ന കുട്ടിയിലൂടെ സംവിധായകന്‍ അത് നമുക്ക് തെളിയിച്ചു തരുന്നുണ്ട്. പക്ഷെ കുട്ടികള്‍ക്കില്ലാത്ത മറ്റെന്തൊക്കെയോ മത വിവരമാണ് മുതിര്‍ന്നവര്‍ക്ക്. അത് കൊണ്ട് തന്നെ അവര്‍ ഈ പ്രശ്നത്തെ ദൈവ ഭയത്തോടെയാണ് നോക്കി കാണുന്നത്. അഹിന്ദുവായ ഒരു കുട്ടി അമ്പലത്തില്‍ കയറി എന്ന് തെറ്റിദ്ധരിക്കുന്ന പൂജാരിയും, ഇതേ ഭയം ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയാണ്. സമുദായങ്ങളുടെ ഈ ഭയത്തെയും ആചാര വിശ്വാസങ്ങളെയും ചൂഷണം ചെയ്യുന്ന ദുഷ്ട ശക്തികള്‍ ഈ പ്രശ്നത്തെ ഒരു വര്‍ഗീയ കലാപം വരെ എത്തിക്കുന്നതില്‍ വിജയിക്കുന്നുമുണ്ട്....
പൂജാരിയുടെ മകനായ രഘുരാമന്‍ തന്‍റെ അച്ഛന്റെ ഘാതകരായ മുസ്ലീമുകളെ കൊല്ലാന്‍ തീരുമാനിക്കുന്നു. ഇതിനായി രഘുരാമന് ഹിന്ദു സംഘടനകളുടെ കൂട്ടത്തില്‍ ചേരുകയും അവരുമായി സഹകരിക്കേണ്ടിയും വരുന്നു. കലാപത്തില്‍ പരിക്കേറ്റ മുസ്ലീമുകള്‍ ഒരാശ്രമത്തില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ടെന്ന വിവരം കിട്ടിയതിനനുസരിച്ച് രഘു രാമനും കൂട്ടരും അവരെയില്ലാതാക്കാന്‍ വേണ്ടി അങ്ങോട്ട്‌ തിരിക്കുന്നുണ്ട്. ശേഷം ഗുരുവിന്‍റെ മെതിയടിയില്‍ സ്പര്‍ശിക്കേണ്ടി വരുന്ന രഘു രാമന് കിട്ടുന്ന പ്രബോധനമാണ് കഥയുടെ പ്രധാന തന്തു.
രഘു രാമന്‍ മറ്റൊരു വിചിത്ര ലോകത്തിലേക്ക് വഴുതി വീഴുകയാണ്. ആ വീഴ്ച ചെന്നെത്തി നില്‍ക്കുന്നത് അന്ധന്മാരുടെ രാജ്യത്താണ്. അന്ധന്മാരായ ജനങ്ങളുടെ രാജാവും അന്ധന്‍ തന്നെ എന്നത് അതിലേറെ വിചിത്രം. കാഴ്ച എന്താണ് എന്നറിയാത്ത ആ ജനക്കൂട്ടത്തില്‍ രഘു രാമന്‍ വേറിട്ട്‌ നില്‍ക്കുന്നു .കൊക്കയിലേക്ക് നടന്നു വീഴാന്‍ പോയ രമണകന്‍ എന്ന അന്ധനെ രഘുരാമന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നുണ്ട്. രമണകനും രഘുരാമനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കം അതായിരുന്നു. കാഴ്ച്ചയെ കുറിച്ച് രമണകനെ പോലെ തന്നെ അന്നാട്ടിലെ ഒരാള്‍ക്കും ഒന്നും അറിയില്ലെന്ന് മനസിലാക്കുന്ന രഘുരാമന്‍ സാവധാനം കാഴ്ച എന്താണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം നടത്തി നോക്കുന്നുണ്ട്. പക്ഷെ, ഒരാളും രഘുരാമനെ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല, രഘു രാമനെ നീച ശക്തിയായി വിലയിരുത്തുകയും ചെയ്യുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെടുന്ന രാജാവ് തന്‍റെ സൈന്യത്തോട് രഘു രാമനെ പിടിച്ചു കെട്ടിക്കൊണ്ടു വരാന്‍ ആജ്ഞാപിക്കുന്നു.
അന്ധന്മാരുടെ ആ ലോകത്ത് രഘു രാമനെ വിശ്വസിക്കാന്‍ രമണകന്‍ മാത്രമേ തയ്യാറുണ്ടായിരുന്നുള്ളൂ. രാജ്യത്തിലെ ഓരോ സ്ഥിതി വിശേഷങ്ങളും രമണകനില്‍ നിന്ന് മനസിലാക്കിയെടുക്കുന്ന രഘുരാമന്‍ രാജ്യത്തെ പഴയ ആചാരങ്ങളെ ചോദ്യം ചെയ്യുന്നു. നെടുമുടി വേണു അവതരിപ്പിക്കുന്ന അന്ധനായ അധ്യാപകന്‍ രഘുരാമന്റെ കണ്ണിലൂടെ പ്രേക്ഷകനെയും ചിന്തിപ്പിക്കുന്ന ഒരു രംഗമുണ്ട്. അധ്യാപകന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്‌ കാഴ്ച എന്നൊന്ന് ഈ ലോകത്തിലില്ല എന്നും കാഴ്ച്ചയുടെ പേരും പറഞ്ഞു അടുത്തു വരുന്ന ദുഷ്ട ശക്തികളെ ആട്ടിയോടിക്കാനുമാണ്.രഘുരാമനാല്‍ ചോദ്യം ചെയ്യപ്പെടുന്ന അധ്യാപകന് പറയാന്‍ വ്യക്തമായ ഉത്തരമില്ലാത്തതു കൊണ്ടാണ് രഘു രാമനെ രാജ്യത്തിന്‍റെ പൊതു ശത്രുവായി കാണാന്‍ ആഹ്വാനം ചെയ്യുന്നത് പോലും.
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനും ഇലാമ പഴത്തിന്റെ ചാറ്‌ വായില്‍ ഒറ്റിച്ച് കൊടുക്കുന്ന കാഴ്ച രഘുരാമന്‍ കൌതുകത്തോടെയാണ് വീക്ഷിക്കുന്നത്. പഴത്തിന്‍റെ ചാറ് പിഴിഞ്ഞെടുക്കുന്ന സമയത്ത് പഴത്തിന്റെ കുരു വലിച്ചെറിയുന്നു. രമണകന്‍ പറഞ്ഞു കൊടുക്കുന്ന പ്രകാരം ആ പഴമാണ് അവരുടെ ജീവന്‍റെ ആധാരം. പഴത്തിന്‍റെ കുരുവാകട്ടെ മാരക വിഷവും . അത് കൊണ്ടാണ് അത് വലിച്ചെറിയുന്നത് . പണ്ട് മുതലേ തുടങ്ങി വച്ച ആ ചടങ്ങ് ഇന്നും തുടരുകയും ചെയ്യുന്നു. ഒരു പ്രത്യേക നിമിഷത്തില്‍ രഘു രാമന്‍ പോലും ആ കനി ഭക്ഷിക്കാന്‍ തയ്യാറാകുന്നു എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. തുടക്കത്തില്‍ ഒരു ഇലാമ പഴം ഭക്ഷിച്ച രഘു രാമന്‍ പിന്നീട് ആര്‍ത്തിയോടെയാണ് അടുത്ത ഓരോ ഇലാമ പഴവും ഭക്ഷിക്കുന്നത്. സാവധാനം കാഴ്ച മങ്ങി തുടങ്ങുന്ന രഘു രാമന്‍ ഇലാമ പഴമാണ് അന്നാട്ടിലെ ആളുകളുടെ അന്ധത്ക്ക് കാരണം എന്നുറക്കെ വിളിച്ചു പറയുന്നു......
ഇലാമ പഴത്തിനെ കുറ്റം പറഞ്ഞ നീചനെ വധിക്കാന്‍ അന്നാള് വരെ ആര്‍ക്കും വിധിക്കാത്ത ശിക്ഷയാണ് രാജാവ് വിധിക്കുന്നത്. ഇലാമ പഴത്തിന്‍റെ കുരു പാലില്‍ അരച്ച് കലക്കി കുടിക്കാന്‍ വിധിക്കപ്പെട്ട രഘു രാമനു അത് കുടിക്കുന്നതിലൂടെയാണ് കാഴ്ച തിരിച്ചു കിട്ടുന്നത്. ഇവിടെ രഘു രാമന് കാഴ്ച കിട്ടി എന്നത് വിശ്വസിക്കാന്‍ പോലും ആരും ആദ്യമാദ്യം തയ്യാറാകുന്നില്ല . എങ്കിലും പിന്നീട് രമണകനിലൂടെ രഘുരാമന്‍ അത് സാധിച്ചെടുക്കുന്നുണ്ട്. അവസാനവസാനം രാജാവടക്കമുള്ളവര്‍ രഘുരാമന്റെ കാഴ്ച സിദ്ധാന്തത്തെ അംഗീകരിക്കുകയും സ്വയം മാറ്റത്തിന് വിധേയരാകുകയും ചെയ്യുന്നുണ്ട്.
കഥയിലായാലും സമൂഹത്തിലായാലും ഈ വിദൂര സാധ്യതയായിരിക്കാം സിനിമയെ ഉട്ടോപ്യന്‍ ആശയവുമായി താരതമ്യം ചെയ്യാന്‍ നിരൂപകരെ ഏറെ നിര്‍ബന്ധിച്ച ഒരു പ്രധാന കാരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരര്‍ത്ഥത്തില്‍ നമ്മുടെ സമൂഹവും അന്ധതയിലാണ്. രഘു രാമന്‍മാരെ നമ്മള്‍ വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. അവരെ കൊലക്കു കൊടുക്കാനാണ് നമ്മള്‍ എന്നും ശ്രമിക്കുന്നത്. ഇലാമ പഴം എന്ന് കരുതി നമ്മള്‍ ഭക്ഷിക്കുന്ന പഴങ്ങള്‍ നമ്മുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയാലും ഇലാമ പഴത്തിന്റെ പ്രധാനാംശത്തെ വിഷമായി കാണാനും അത് നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്താനുമാണ് നമ്മളെ ആരൊക്കെയോ പഠിപ്പിക്കുന്നത്.
മതിലിനപ്പുറം നില്‍ക്കുന്ന ഒരാളെ എന്ത് കൊണ്ട് കാഴ്ചയുള്ളവന് കാണാന്‍ സാധിക്കുന്നില്ല എന്ന് രാജാവ് രഘുരാമനോട് ചോദിക്കുന്നുണ്ട്. അതിനുത്തരമായി രഘുരാമന്‍ പറയുന്നത് അവിടെ ഒരു മതിലുണ്ട്, ആ മതില് കാരണം കാഴ്ച്ചയുണ്ടായിട്ടും തനിക്കു കാണാന്‍ സാധിക്കുന്നില്ല എന്നാണു. മറുപടിയായി രാജാവ് വീണ്ടും ചോദിക്കുന്നു.
" എന്താണ് ഈ മതില്‍? "
ഇതേ ചോദ്യമാണ് നമ്മള്‍ നമ്മളോട് ചോദിക്കേണ്ടത്, എവിടെയാണ് നമുക്കിടയില്‍ മതില്‍ ? ആരാണ് ആ മതില്‍ കെട്ടിയത് ? സത്യത്തില്‍ എന്തിനാണീ മതില്‍ ? പിന്നെയും ഉണ്ടാകും ചോദ്യങ്ങള്‍ ഒരുപാട്. അതിനെല്ലാം ഉത്തരം കണ്ടെത്തുക എന്നത് ദുഷ്ക്കരവുമാണ് .
മതങ്ങളുടെ അന്തസത്ത മനസിലാക്കാതെ മതം പറഞ്ഞു തരുന്നത് മാത്രം ഭക്ഷിച്ചാല്‍ നമുക്ക് ദൈവ ബോധവും ഭക്തിയും ഭയവും എല്ലാം ഉണ്ടാകും. പക്ഷെ കാഴ്ച കിട്ടിയിട്ടും കൂടെയുള്ളവരെ കാണാന്‍ കഴിയാത്ത മനുഷ്യരുടെ അവസ്ഥ മാത്രമായിരിക്കും അത്. ഇരുട്ടില്‍ തപ്പി തടഞ്ഞ മനുഷ്യന്‍ വെളിച്ചം വന്നിട്ടും തപ്പി തടയേണ്ട അവസ്ഥ ചിന്തനീയമാണ്. സത്യത്തെ അന്വേഷിക്കുക മനസിലാക്കുക.അതിനു നമ്മള്‍ ശ്രമിക്കാത്തിടത്തോളം കാലം മതങ്ങള്‍ നമുക്ക് എന്നും ഇലാമ പഴം തന്നെയാകും......

Comments